Monday, December 1, 2014

ഗുരുവായൂരില്‍ നിന്നും വിറ്റ്ബിയിലേക്ക്....

 'വരയും കുറിയും എഴുത്തും വായനയും എല്ലാമായി നടന്ന കാലം. പുസ്തകങ്ങള്‍ ഒരു ലഹരി തന്നെയായിരുന്നു. അവളുടെ പുസ്തക ശേഖരത്തിലേക്ക് ഒരു പുതിയ അതിഥി കടന്നു വന്നു ' Dracula '. ബ്രാം സ്ടോക്കരുടെ ഡ്രാക്കുളയുടെ മലയാളം പതിപ്പ് ആദ്യമായി കയ്യില്‍ കിട്ടുന്നത് ആറാം ക്ലാസ്സിലെ വേനല്‍ അവധിക്കാലത്ത്‌. എല്ലാ വര്‍ഷവും summer holidayക്ക് ഒരു ഗുരുവായൂര്‍ സന്ദര്‍ശനം പതിവുള്ളതാണ്. അമ്മയുടെയും അച്ഛന്‍റെയും ആധ്യാത്മിക ഉള്‍വിളി അവരെ കണ്ണന്‍റെ വാകച്ചാര്‍ത്തിനു എത്തിച്ചപ്പോള്‍, എനിക്ക് അവിടെ ഏറ്റവും സന്തോഷം പകര്‍ന്നിരുന്നത് ഉരുളിയില്‍ ഒരു ചുവന്ന സമുദ്രം പോലെ കിടന്നിരുന്ന മഞ്ചാടി കുരുക്കളായിരുന്നു. അമ്മ തന്ന ചില്ലറതുട്ടു മഞ്ചാടിക്കുരുവിട്ട ഉരുളിയിൽ പൂഴ്ത്തി കൂടുതൽ കുസൃതികൾ നടത്താന്‍ എന്‍റെ കൂടെ നില്‍ക്കണേയെന്ന് കണ്ണനോട് പറയുമ്പോള്‍, പിന്നില്‍ നിന്ന് അമ്മയുടെ ശബ്ദം, ' പെണ്ണേ നിനക്ക് അതില്‍ കയിട്ടു വാരണ്ട പ്രായമൊക്കെ കഴിഞ്ഞു, ഇനി അടുത്ത വര്‍ഷം ഏഴാം ക്ലാസ്സിലെക്കാണ് പോവണെന്നു മറക്കണ്ട'. എന്‍റെ അടുത്തുള്ള കുസൃതിക്കുരുന്നുകള്‍ക്ക്  'മുടിഞ്ഞ Luck ണ്  എന്നെ പോലെ വലുതായില്ലലോ എന്ന് പിറുപിറുത്തു കൊണ്ടു നീണ്ട ക്യൂവിലേക്കു അമ്മയോട് ചേര്‍ന്ന് നില്‍ക്കും.'  അമ്മയുടെ മന്ത്രോച്ഛാരണങ്ങള്‍ക്കിടയില്‍  എന്‍റെ മനസ്സ് വീണ്ടും മേച്ചില്‍ തുടങ്ങും യശോദ ഹോട്ടലിലെ മസാല ദോശയിലേക്കും, പിന്നെ ഓരോ നടയിലെയും വഴിവിധീകളില്‍ ഉള്ള എണ്ണമറ്റ കൌതുക വസ്തുക്കളിലെക്കും.
കണ്ണന്‍റെ പഞ്ചാര പായസത്തിന്‍റെ രുചിയോർക്കുമ്പോൾ തന്നെ എനിക്ക്
വായില്‍ വെള്ളമൂറും കണ്ണനോട് സ്നേഹവും.  തിക്കും തിരക്കിലും എന്‍റെ സ്വപ്നാടനങ്ങള്‍ക്കും ഒടുവില്‍ ഗുരുവായൂരപ്പന്‍റെ തിരുനടയില്‍ എത്തുമ്പോള്‍ ഞാനും എന്നുമൊരു കൃഷ്ണ ഭക്തയെപ്പോലെ ആ വിഗ്രഹത്തിന്‍റെ ചൈതന്യത്തില്‍ അലിഞ്ഞു തൊഴുതു നില്‍ക്കും. നടയില്‍ നിന്നും പെട്ടെന്ന് നടന്നു നീങ്ങാന്‍ ഗര്‍ജിക്കുന്ന പോലീസ് അമ്മാവന്മാരുടെ ഒച്ചയൊന്നും പിന്നെയെനിക്കൊരു പ്രശ്നമേ ആയിരുന്നില്ല. ഇത്ര നേരം ക്യൂവില്‍ ചിലവഴിച്ചിട്ടും ഒന്ന് നന്നായി തൊഴാന്‍ പറ്റിയില്ലെന്നു അമ്മ കണ്ണനോട് പരാതി ബോധിപ്പിക്കുമ്പോള്‍, ഞാന്‍ എന്‍റെ തത്വശാസ്ത്രം അമ്മയ്ക്ക് മുന്നിൽ നിരത്തും, 'ഈ പോലീസ് അമ്മാവന്മാര്‍ ദിവസവും കണ്ണനെ കണ്ടു മടുത്തു കാണും,അതോണ്ടാ നമ്മളേം കാണാന്‍ വിടാത്തെന്നു.'   അത് കേട്ടു ചിരിച്ചു കൊണ്ടു അമ്മ പറഞ്ഞു, 'പെണ്ണേ നീ കിന്നാരം പറയാതെ ഇങ്ങോട്ട് പോരുന്നുണ്ടോ നിനക്ക് വിശക്കുന്നിലെ! നമുക്ക് അച്ഛനെ കണ്ടു പിടിക്കാം ഇപ്പോള്‍ തൊഴുതു കഴിഞ്ഞു കാണുമെന്നു അമ്മ പറയണ്ട താമസം, എന്‍റെ വയറ്റില്‍ നിന്നും വിശപ്പിന്‍റെ കൂക്കി വിളി തുടങ്ങും. പിന്നെ അച്ഛന്‍റെ മോള്‍ക്ക്‌, അച്ഛനെ കണ്ടുപിടിക്കാന്‍ ധൃതി കൂടും. മസാല ദോശയുടെ മണമോര്‍ക്കുമ്പോള്‍, വിശപ്പിനു ആക്കോം കൂടും. അച്ഛനെ ആ ഭക്തജന സാഗരത്തില്‍ നിന്ന് കണ്ടുപിടിച്ചു വച്ചടിക്കും  മംഗല്യഹോട്ടലിലേക്ക്.
അച്ഛന്‍റെയും അമ്മയുടെയും കൈപിടിച്ച് ഹോട്ടലിലേക്കുള്ള മാര്‍ബിള്‍
പടവുകള്‍ കയറുമ്പോള്‍ തന്നെ ചുറ്റുമുള്ള കടകളിലൂടെ കണ്ണോടിച്ചു വയ്ക്കും എന്‍റെ ഷോപ്പിംഗ്‌ നായാട്ടിനുള്ള കേന്ദ്രങ്ങള്‍,മനസ്സില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നതിന്‍റെ ആഹ്ലാദം കണ്ണുകളില്‍ തിളങ്ങുന്നു. മംഗല്യയിലെ മസാല ദോശയ്ക്ക് എന്തെന്നില്ലാത്ത രുചിയായിരുന്നു. ഞാന്‍ മസാല ദോശ ഒറ്റയടിക്ക് അകത്താക്കുമ്പോള്‍ അമ്മയ്ക്ക് എന്തെന്നില്ലാത്ത അരിശം, ' കണ്ടില്ലേ ഈ പെണ്ണിന് വീട്ടില്‍ എന്തൊക്കെ വച്ചു വിളമ്പി കൊടുത്തിട്ടെന്താ കാര്യം, അതിനു ഈ ഹോട്ടലിലെ മസാല  ദോശയായലെ തൃപ്തിയാവൂ.' അമ്മയിലെ  പാചകക്കാരിയുടെ  പച്ചയായ പ്രതിഷേധം എനിക്ക് ഒരു തമാശയാണ്, പക്ഷെ അതിനുള്ള കൂലി എനിക്ക് കിട്ടും ഗുരുവായൂര്‍ സന്ദര്‍ശനം കലാശിക്കുന്നത്,എപ്പോഴും രാത്രിയിലുള്ള കഞ്ഞികുടിയോടെ ആണല്ലോ. കഞ്ഞിയും ചുട്ട പപ്പടവും എന്‍റെ മുന്‍ജന്മ ശത്രുക്കളാണെന്ന് അമ്മയ്ക്ക് അറിയാവുന്നത് കൊണ്ടു,അമ്മ മസാല ദോശയോട് പകരം വീട്ടുന്നതെന്നും ഇങ്ങനെയായിരുന്നു.
വിശപ്പടങ്ങിയാല്‍ പിന്നെ മംഗല്യയിലെ മാര്‍ബിള്‍ പടവുകളില്‍ സ്ഥലം പിടിക്കും അച്ഛനും അമ്മയും മോളും കൂടി. നാട്ടു കാഴ്ചകളില്‍ മുഴുകി അങ്ങനെയിരിക്കും. ആ മാര്‍ബിള്‍ പടവുകളില്‍ ഇരുന്നു സമയം തള്ളി നീക്കുമ്പോള്‍ ഞാനെന്നും താജ് മഹാലിനെ കുറിച്ചോര്‍ക്കും, ഈ വെണ്ണക്കല്ലുകള്‍ ഇത്ര സുന്ദരമാണെങ്കില്‍ വെണ്ണക്കല്ലിലെ മഹാകാവ്യം കണ്ണിനു ഒരു വിരുന്നു തന്നെയായിരിക്കും.

അച്ഛന്റെയും അമ്മയുടെയും സ്വരം അവിടുത്തെ ബഹളത്തിൽ അലിഞ്ഞപ്പോൾ ഞാൻ വീണ്ടും ഡ്രാക്കുളയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. കൈവിരലുകൾ അറിയാതെ പുസ്തകത്തിന്റെ താളുകൾ അടർത്തി. രക്തം, രൂപം മാറുന്ന ചെന്നായ എന്നീ വാക്കുകൾ എന്നെ തെല്ലു നടുക്കി. ഉടനെ തന്നെ പുസ്തകം നെഞ്ചോടു ഒതുക്കി വച്ചു. വീട്ടിൽ തിരിച്ചെത്തി രാത്രിയിൽ വായന തുടങ്ങാമെന്ന് മനസ്സിൽ കുറിച്ചിട്ടു. അങ്ങനെ ആ വേനൽ അവധിക്കാലത്തെ ഗുരുവായൂർ യാത്രയിൽ നിന്ന് ആരംഭിച്ചതാണ് ഞാനും ദി ഡാർക്ക് പ്രിൻസ് ഡ്രാക്കുള പ്രഭുവും തമ്മിലുള്ള "psychic connection!"

നീണ്ടു നിവര്‍ന്നു കിടക്കുന്ന വിറ്റ്ബി നഗരം എന്നെ വരവേല്‍ക്കാന്‍ സൂര്യ രശ്മികളെ അകമ്പടിയായി പറഞ്ഞയച്ച പോലെ, തെല്ലു നാണത്തോടെ സൂര്യ
രശ്മികള്‍ ഒരു നേരിയ ലേസര്‍ ബീം പോലെ പതിച്ചു കൊണ്ടേയിരുന്നു. അങ്ങനെ എത്രയോ സംവത്സരങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. Yes, അവസാനം ഞാനും ഡ്രാക്കുള പ്രഭുവിന്‍റെ സങ്കേതങ്ങളും തമ്മില്‍ ഒരു  ചില്ലിന്‍റെയും   മഞ്ഞു പാളിയുടെയും   നേര്‍ത്ത ദൂരം  മാത്രം. ലൂസിയും, ആര്‍തറും, St. Mary's ചര്‍ച്ചുമെല്ലാം മറവിയുടെ കുഴിമാടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുനേറ്റു നില്‍ക്കുന്നു.
University ട്രാവല്‍ ക്ലബ്ബില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ കൂട്ടത്തില്‍
സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങളുടെ ഒരു പട്ടികയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നെ ഗൂഗിള്‍ മാപ്പില്‍ നിന്നും യാത്രക്ക് ആവശ്യമായ
ചൂണ്ടു പലകകള്‍ ലഭിച്ചു.  വിറ്റ്ബി ബസ്‌ സ്റ്റേഷനില്‍ നിന്നും ഏതാനും ഫ്രീ മാപ്പുകളും കൂടി എടുത്തു, വെറുതെയൊരു സുരക്ഷാ നടപടി, വഴി തെറ്റി ചെന്നായ കൂട്ടത്തിലേക്ക് പോകാതിരിക്കാന്‍. ഒരു ബാക്ക് പാക്കും, പിന്നെ എന്‍റെ ഭര്‍ത്താവിന്‍റെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുക്കാല്‍ പാന്‍റും ഇട്ടു യാത്ര തുടങ്ങുമ്പോള്‍ തെല്ലു ഒരു  അഹങ്കാരം ഉണ്ടായിരുന്നു മനസ്സില്‍ താന്‍ മീന
ഹാര്‍ക്കറെ പോലെ ഒരു ധീര വനിതയാണെന്ന്.  എന്നാല്‍ വിറ്റ്ബി നഗരത്തിലെ ഇംഗ്ലീഷുകാരുടെ കൂട്ടത്തിനു ഇടയിലൂടെ ഇങ്ങനെ ഒറ്റയാനായി നടന്നു
നീങ്ങുമ്പോള്‍, കൂട്ടം തെറ്റിയ ആട്ടിന്‍കുട്ടിയെ പോലെ വിറച്ചു മനസ്സും കാല്‍ മുട്ടുകളും. കൂട്ടി ഇടിക്കുന്ന കാല്‍ മുട്ടുകള്‍ എന്‍റെ മുക്കാല്‍ പാന്‍റിനു ഇടയിലുടെ അരിച്ചിറങ്ങുന്ന തണുപ്പ് കൊണ്ടാണെന്ന് എന്നോട് തന്നെ പറഞ്ഞു കൊണ്ടു ധൈര്യം നടിച്ചു മുന്നോട്ടു നീങ്ങി. ചില  ഇംഗ്ലീഷുകാരുടെ തറപ്പിക്കുന്ന നോട്ടങ്ങള്‍ കണ്ടില്ലാന്നു നടിക്കാന്‍ ശ്രമിച്ചെങ്കിലും, എനിക്കൊന്നു വ്യക്തമായി
ഞാന്‍ ധീര വനിതയായിട്ടില്ല ഇപ്പോഴും ടീനേജിന്‍റെ രക്ത തിളപ്പു വിട്ടു മാറാത്ത
21കാരി മാത്രമാണെന്ന്.
യാത്രയുടെ ആദ്യത്തെ പടി നമ്മുടെ St. Mary's  ചര്‍ച്ച് തന്നെ ആവണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. എത്രയോ ശതാബ്ദങ്ങള്‍ക്കും അപ്പുറം ഡ്രാക്കുള പ്രഭു തന്‍റെ നര വേട്ടക്കായി തിങ്ങി പാര്‍ക്കുന്ന ഇംഗ്ലണ്ടിലേക്ക് നങ്കൂരമിട്ടത് ഇവിടെയാണ്‌. ഏതോ ഒരു തണുപ്പുള്ള രാത്രിയില്‍ 12  ശവ ശരീരങ്ങളുമായി കരയ്ക്കടിഞ്ഞ ആ ശപിക്കപെട്ട കപ്പലില്‍ നിന്നും ഡ്രാക്കുള പ്രഭു ഒരു നായുടെ രൂപത്തില്‍ കുതിച്ചു ചാടി ധൃതിയോടെ കല്‍പ്പടവുകള്‍ കയറി പള്ളി മുറ്റത്തെ ഇരുട്ടിലേക്ക് മറഞ്ഞത് ഇവിടെ വച്ചാണ്.
എല്ലാത്തിനും ദൃക്ക്സാക്ഷിയായി ഞാന്‍ ഉണ്ടായിരുന്ന പോലെ,
തണുപ്പിന്‍റെ മരവിപ്പ് എന്‍റെ സര്‍വനാടികളെയും തളര്‍ത്തുമ്പോള്‍ ഒരു നെരിപ്പോടിലെ തീക്കനല്‍ പോലെ എനിക്ക് ചൂട് പകര്‍ന്നു കൊണ്ടു സൂര്യ കിരണങ്ങള്‍ എന്നെ വളഞ്ഞു. അവര്‍ ഡ്രാക്കുള പ്രഭുവിന്‍റെ കിങ്കരന്മാര്‍
ആവുമോ???? എന്‍റെ സിരകളില്‍ മരവിച്ചു കിടക്കുന്ന രക്തത്തിന് ചൂടേകി, പിന്നീട് ലൂസിയെ ഇരയാക്കിയ പോലെ എന്നെയും ഇരയാക്കാന്‍ മത്സരിക്കുകയാണോ ഇവര്‍!!!!!
വിറ്റ്ബി അബ്ബിയുടെ (Whitby Abbey) അവശിഷ്ടങ്ങള്‍ ഒരു ഭൂതകാലത്തിന്‍റെ
സ്മരണ ഉണര്‍ത്തുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ നിലകൊണ്ടു.
അന്ധകാരത്തിന്‍റെ വിറങ്ങലിക്കുന്ന കൈകള്‍ എന്നെ വിഴുങ്ങാന്‍ കാത്ത്
നില്‍ക്കുന്ന പോലെ, അബ്ബിയുടെ കവാടങ്ങള്‍ പൈശാചികമായി പല്ലിളിച്ചു
കാണിക്കുന്നു. ഭയം ഉള്ളില്‍ ഉറഞ്ഞു കൂടി ഞാനെന്‍റെ മനസ്സിന്‍റെ
മടക്കുകളിലേക്ക് ഒരു കടുകുമണിയായി ചുരുങ്ങുമ്പോള്‍, ഏതൊക്കെയോ
ഭാഷകള്‍ പുലമ്പിക്കൊണ്ട് ഒരു കൂട്ടം സഞ്ചാരികള്‍ അങ്ങോട്ട്‌ വന്നു. അവരുടെ
സാന്നിധ്യം എന്നെ വര്‍ത്തമാന കാലത്തിലേക്ക്  തിരിച്ചു കൊണ്ടു വന്നു.
ഭയത്തിന്‍റെ പുകച്ചുരുള്‍ നേര്‍ത്തു നേര്‍ത്തു അന്തരീക്ഷത്തില്‍ അലിഞ്ഞു
ചേര്‍ന്നു.
 വിറ്റ്ബി അബ്ബിയുടെ പ്രൌഡി ഇന്നും അത് പോലെ കാത്ത് സൂക്ഷിക്കുന്ന
അവിടുത്തെ ടൂറിസം ഡിപ്പാര്‍ട്ടുമെന്ടിനു  'ഒരു സലാം പോടാതെ' വയ്യ.
അബ്ബിയുടെ സുവര്‍ണ്ണ ദിനങ്ങളില്‍ അവിടുത്തെ പ്രഭാതങ്ങള്‍ നിറക്കൂട്ടുള്ളവ
ആയിരുന്നിരിക്കണം, ചിത്ര പണികളുള്ള ചില്ല് ഗ്ലാസ്സിലൂടെ കടന്നു വരുന്ന
പ്രകാശ കിരണങ്ങള്‍ അബ്ബിയുടെ കവാടങ്ങളില്‍ മഴവില്ലുകള്‍ തീര്‍ത്തിട്ടുണ്ടാവും.
 അബ്ബിയില്‍ നിന്നും താഴ്വാരത്തിന്‍റെ ദൃശ്യം ഒരു സീനറി പോസ്റ്റ്‌ കാര്‍ഡിനെക്കാള്‍
മനോഹരമായിരുന്നു. തീപ്പട്ടി കൂടുകള്‍ തിക്കി അടുക്കി വച്ച പോലെ
കോട്ടേജുകള്‍ കാണപ്പെട്ടു. അവിടെ നിന്നും നോക്കുമ്പോള്‍ ആര്‍ക്കും തോന്നും
ജനസാന്ദ്രത വളരെ കൂടുതലുള്ള നഗരമാണ്  വിറ്റ്ബി എന്ന്, എന്നാല്‍
യാഥാര്‍ത്യത്തില്‍ ഇന്ന് ഇവിടെ ജനസംഖ്യ വളരെ കുറവാണ്, ആ കാണുന്ന
കോട്ടേജുകളില്‍ പലതും വീടുകള്‍ അല്ല മറിച്ചു ടൂറിസ്റ്റുകള്‍ക്കുള്ള ഇട
താവളങ്ങള്‍ ആണ്. ഇവിടുത്തെ കുടുംബങ്ങള്‍ അവരുടെ നിത്യവൃത്തിക്ക്
വേണ്ടി വീടുകള്‍ 'ബെഡ് & ബ്രേക്ക്‌ ഫാസ്റ്റ് ഇന്നുകള്‍' (bed & breakfast inn) ആക്കി
മാറ്റുന്നു. ഇന്നത്തെ ബ്രിട്ടന്‍റെ ചിത്രമാണ് ഇത്, 'സൂര്യന്‍ അസ്തമിക്കാത്ത
സാമ്രാജ്യം' എന്ന തലക്കെട്ട്‌ ബ്രിട്ടന്, ഇനി നമ്മുടെ പഴയ ചരിത്ര സംഹിതകളില്‍
മാത്രമേ ഉണ്ടാവൂ  എന്നതിനുള്ള തെളിവുകളാണ് വിറ്റ്ബി പോലെയുള്ള കൊച്ചു നഗരങ്ങളും അവിടുത്തെ മനുഷ്യ പാര്‍പ്പില്ലാത്ത വീഥികളും.
    പള്ളിയുടെ  പടികള്‍ ഇറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും എന്‍റെ എണ്ണല്‍ തുടര്‍ന്നു
199 പടികള്‍ ഉണ്ടെന്നു ഉറപ്പു വരുത്താന്‍.  Yes a long stretch of 199 steps. ഇത്രയും
പടികള്‍ ഓടി കയറിയാണ് മീന ഹാര്‍ക്കാര്‍ നമ്മുടെ ഡ്രാക്കുള പ്രഭുവിനൊപ്പം
ഇരുന്ന ലൂസിക്കടുത്തേക്ക് എത്തിയതെന്ന് ഓര്‍ക്കാന്‍ പോലും വയ്യ. മീന
ഹാര്‍ക്കാര്‍ ഒരു ധീര വനിത മാത്രമല്ല നല്ല athelete കൂടി ആയിരുന്നിരിക്കണം.
മീന സ്പോര്‍ട്സ് വനിതയായതു കൊണ്ടാണോ എന്നേക്കാള്‍ എളുപ്പം
പടവുകള്‍ കയറിയിരുന്നതു അതോ ഞാന്‍ ഗുണ്ട് മണി ആയിരുന്നത്
കൊണ്ടാണോ ഇത്ര സമയം എടുക്കന്നതെന്ന് അറിയില്ല.
 നഗരത്തില്‍ പ്രവേശിച്ചതും അവിടുത്തെ പ്രശസ്തമായ ഫിഷ്‌ & ചിപ്പ്സിന്‍റെ (Fish &
Chips) മണം മൂക്കിലേക്ക് തുളച്ചു കയറാന്‍ തുടങ്ങി.    ഇംഗ്ലണ്ടിലെ ഏറ്റവും best
ഫിഷ്‌ & ചിപ്സ് ലഭിക്കുന്നത് ഈ തീര പ്രദേശ നഗരത്തിലാണത്രെ. പക്ഷെ ഞാന്‍
ഒരു പാവം സസ്യഭുക്കായത് കൊണ്ടു എനിക്ക് അത് രുചിക്കാനുള്ള ഭാഗ്യം
ഉണ്ടായില്ല, എന്നാലും ഞാന്‍ ചിപ്സിനെ വെറുതെ വിട്ടില്ല. ഏകദേശം
ഉച്ചഭക്ഷണത്തിന്‍റെ  സമയം ആയതിനാല്‍ ഒരു നീണ്ട ലൈന്‍ ഉണ്ടായിരുന്നു ആ
കടയില്‍, എങ്കിലും ചിപ്സ് ഒന്ന് രുചിക്കാതെ പോകുന്നത് എങ്ങനെ എന്ന്
കരുതി ഞാനും വരിയില്‍ ചേര്‍ന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടിലെ
ആളുകളെ പോലെ അക്ഷമയില്ല, എല്ലാവരും ആരുടേയും നിര്‍ബന്ധവും
നിയന്ത്രണവും ഇല്ലാതെ തന്നെ  ക്യൂവില്‍ മര്യാദ പാലിക്കും.
ലൂസി എന്തിനാ കല്‍പ്പടവുകളില്‍ വന്നിരുന്നു എന്നെപ്പോഴും എന്‍റെ മനസ്സ്
ചോദിച്ചിരുന്നു. ഇന്നെന്‍റെ ആ ഉത്തരം കിട്ടാ ചോദ്യത്തിന് ഉത്തരം കിട്ടി!!!!
ആ കുന്നിന്‍ ചെരുവിലെ പ്രശാന്ത സുന്ദരമായ സായാന്ഹങ്ങള്‍   എന്‍റെ
കണ്മുന്‍പില്‍ പിറന്നു. നേര്‍ത്ത രശ്മികള്‍ വായുവിനെ വിണ്ടു
കീറിക്കൊണ്ട്, ചെരിഞ്ഞു കുന്നിന്‍ ചെരുവില്‍ പതിക്കുമ്പോള്‍ അവിടെ
സ്വര്‍ണ്ണ പൊലിമയാണ്..... പത്തരമാറ്റുള്ള 916 സ്വര്‍ണ്ണാഭരണങ്ങളെ പോലും
വെറും പിച്ചള കൂട്ടങ്ങള്‍ ആക്കുന്ന പ്രഭയാണ് അവിടുത്തെ
സായാന്ഹങ്ങള്‍ക്ക്. കട്ടിപുരികമുള്ള തീക്ഷ്ണമായ രണ്ടു കണ്ണുകള്‍ എന്നെ
പിന്തുടരുന്നതു പോലെയെനിക്ക് തോന്നി. എന്‍റെ ഹൃദയമിടിപ്പ്‌ ദ്രുത ഗതിയിലായി ഇലകള്‍ പൊഴിഞ്ഞു നില്‍ക്കുന്ന മരചില്ലക്കളില്‍
ഋതു ഭേദങ്ങളുടെ ഒരു ചിന്ഹവും ഇല്ല. നിലത്തു വീണു കിടക്കുന്ന
കരിയിലകളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു.ആ കട്ടിപുരികങ്ങളെ ഭയന്ന്
ഞാന്‍ ചെന്ന് കയറിയത് ശ്മശാനത്തിലാണ്. അവിടെ മൌനം തളം കെട്ടി
കിടക്കയാണ് മരണത്തിന്‍റെ മരവിപ്പ് എനിക്കും ആ നിമിഷം അനുഭവപ്പെട്ടു. ജോനാതനെ പോലെ ഞാനും ഓരോ വാക്കുകളുടെ  നുറുങ്ങുവളപ്പൊട്ടുകളിൽ പതിയിരിക്കുന്ന ഗഹനത അറിഞ്ഞിരുന്നില്ല. ഓരോ യാത്രയിലെ ചുവടുകളും എന്നെ പഠിപ്പിക്കുന്നു ജനിമൃതികളുടെ ബാലൻസിംഗ് ആക്റ്റ്.

"Next please" എൻറെ ചെവിയിൽ തറച്ചപ്പോൾ ഉള്ളിൽ എന്തോ ഞരങ്ങി മുറുകി. പതുക്കെ എന്റെ ചിപ്സ് വാങ്ങി നന്ദി പറഞ്ഞു ഞാൻ വരിയിൽ നിന്നിറങ്ങി. മരണത്തിലേക്ക് ഒഴുകുന്ന ഒരു നദി പോലെയാണ് ഈ ജീവിതം... ആർക്കൊ എന്തിനോ വേണ്ടി!!! അജ്ഞാതനായ  ഏതോ സംവിധായകൻറെ തിരക്കഥയിൽ അടുത്ത സീനിൽ "നെക്സ്റ്റ് പ്ലീസിനായി" കാത്തുകിടക്കുന്ന അനേകം നടൻമാരിൽ ഒരാൾ മാത്രമാണ് ഞാനും!!! ഉറക്കം പുതച്ച കണ്ണുകളുമായി ഞാൻ പതുക്കെ നടന്നു സ്വപ്‌നങ്ങൾ സത്യമാകുന്ന എന്റെ മായാ ലോകത്തേക്ക് !!!

ഇന്ന് കരിമ്പടത്തിനുള്ളില്‍ പതുങ്ങിയെത്തും ഒരു കൂട്ടം പുതിയ സ്വപ്‌നങ്ങൾ!!! എനിക്കുറക്കം വരുമോ??? ഞാന്‍ കാത്തിരിക്കുന്നു ഇനിയൊരു യാത്രക്കായി... ബോര്‍ഗോ ചുരങ്ങളിലൂടെകാര്‍പാത്യന്‍ പര്‍വത നിരകള്‍ താണ്ടി  ഡ്രാക്കുളയുടെ സ്വന്തം മണ്ണിലേക്ക്....രക്തം കട്ടപിടിപ്പിക്കുന്ന ഇരുളടഞ്ഞ കോട്ടകളിലെ ചിലന്തി വലകള്‍ പകുത്തു മാറ്റി, വവ്വാലുകളുടെ ചിറകടിക്ക് താളം പിടിച്ചു കൊണ്ടുള്ള ഹൃദയ മിടിപ്പിനു കാതോര്‍ത്തു.... അങ്ങനെ ഒരു പ്രയാണം ഇനിയെനിക്ക്ഉണ്ടാവുമോ????? മരണത്തിന്‍റെ കരങ്ങള്‍ എന്നെ ചുറ്റി വരിഞ്ഞില്ലെങ്കില്‍,കാലത്തിന്‍റെ ഒഴുക്കിനെതിരെ നീന്തി, ജിപ്സികളെ പോലെ വിളിക്കാതെയെത്തുന്ന ജീവിത പ്രശ്നങ്ങളോട് പടപൊരുതിഞാനെത്തും നിന്‍റെ മണ്ണിലേക്ക്..... ട്രാന്സില്‍വെനിയയിലെ താഴ്വരകളില്‍എനിക്കായി കാത്തിരിക്കുക.......!!!







No comments:

Post a Comment