Wednesday, November 10, 2010

ജീവിതത്തിന്‍റെ പച്ച തുരുത്തുകള്‍ തേടിയുള്ള യാത്രയില്‍  ഓരോ മനുഷ്യനും ഒരു ദേശാടനക്കിളി തന്നെയാണ്. താന്‍ ജനിച്ച വീടും മണ്ണും ജന്മനാടും വിട്ടു അവന്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിക്കുന്നു. തന്‍റെ വേരുകള്‍ പിഴുതെടുത്ത്‌ പുതിയൊരു വിളവു നിലത്തില്‍ പറിച്ചു നടുന്നു. എല്ലാം എന്തിനു എന്ന് ചോദിച്ചാല്‍ പലപ്പോഴും കൃത്യമായൊരു മറുപടി ഉണ്ടാവണമെന്നില്ല. എന്തൊക്കെയോ വെട്ടി പിടിക്കാനുള്ള വെമ്പലിനിടയില്‍ അവന്‍  തനിക്കു   ജന്മമേകിയ ആ ഗര്‍ഭപാത്രത്തിനു പോലും വില നിശ്ചയിക്കാന്‍ മടിക്കാത്ത അവസ്ഥയിലേക്ക് അധപധിക്കുന്നു.  എന്തിനെന്നിലാതെ ആര്‍ക്കെന്നില്ലാതെ ഓടുന്ന ഓരോ മനുഷ്യ ജന്മത്തിന്റെയും കയ്യൊപ്പ് പതിഞ്ഞ ഒരു സാക്ഷ്യ പത്രമാണ്‌ ദേശാടനക്കിളി.  എല്ലാം വെറുതെയായിരുന്നു എന്നവന്‍ അറിയുമ്പോഴേക്കും കാല ചക്രം ഒരുപാട് കറങ്ങി കഴിഞ്ഞിരിക്കും. ഒരിക്കലും മടക്ക യാത്രയില്ലാത്ത വഴികള്‍ പിന്നിട്ടിരിക്കും. പിന്നീട് ബാക്കിയാവുന്നത് ഒരു കൂട്ടം ചിതലരിച്ച ഓര്‍മകളും നിറം മങ്ങിയ സ്വപ്നങ്ങളും മാത്രമായിരിക്കും. നഷ്ടപെട്ടത് എല്ലാം നെഞ്ചോടു ചേര്‍ത്ത് ഒന്ന് വിങ്ങി പൊട്ടാന്‍ പോലും കഴിയാതെ തന്‍റെ വിധിയേയും വിധാധാവിനെയും പഴിച്ചു അവന്‍ അങ്ങനെ തന്‍റെ പാപ ഭാരങ്ങള്‍ ചുമന്നു യാത്ര തുടരുന്നു....